07:59am 13 November 2026
NEWS
ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും മാസപ്പടി
27/10/2025  12:06 PM IST
nila
ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും മാസപ്പടി

ജയ്പുർ: ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് സ്വകാര്യ കമ്പനിയിൽ നിന്നും രണ്ടുവർഷമായി മാസപ്പടി വാങ്ങുന്നെന്ന് കണ്ടെത്തി  അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ രാജ്കോംപ് ഇൻഫോ സർവീസസിലെ ജോയിന്റ് ഡയറക്ടർ പ്രദ്യുമ്‌നൻ ദീക്ഷിതിന്റെ ഭാര്യ പൂനം ദീക്ഷിതാണ് വർഷങ്ങളായി സ്വകാര്യ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്നത്.  ജീവനക്കാരി എന്ന വ്യാജേനയാണ് ഇവർക്ക് ശമ്പളം ഇനത്തിൽ പണം നൽകിയിരുന്നത്. എന്നാൽ, ഈ കാലയളവിൽ ഒരു ദിവസം പോലും ഇവർ കമ്പനിയുടെ ഓഫീസിൽ പോയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

പ്രദ്യുമ്‌നൻ ദീക്ഷിത്, ഓറിയോൺപ്രോ സൊല്യൂഷൻസ് എന്നും ട്രീജെൻ സോഫ്റ്റ്വെയർ ലിമിറ്റഡ് എന്നും പേരുള്ള സ്വകാര്യ കമ്പനികൾക്ക് അനധികൃതമായി സർക്കാർ ടെൻഡറുകൾ അനുവദിച്ചു എന്നാണ് ആരോപണം. പകരമായി തന്റെ ഭാര്യയുടെ പേരിൽ ജോലി കാണിച്ച് ശമ്പളമായി ലക്ഷങ്ങൾ കൈപ്പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൂനം 37.54 ലക്ഷം രൂപ ശമ്പളം എന്ന പേരിൽ വാങ്ങിയെന്നാണ് കണ്ടെത്തൽ.

2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ ഈ രണ്ട് കമ്പനികളും പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് 37,54,405 രൂപ ‘ശമ്പളം’ എന്ന പേരിൽ ട്രാൻസ്ഫർ ചെയ്തതായും അന്വേഷണ രേഖകളിൽ പറയുന്നു. എന്നാൽ, ഈ കാലയളവിൽ പൂനം ദീക്ഷിത് ഒരു ദിവസവും ഓഫീസ് സന്ദർശിച്ചിട്ടില്ല. ഭാര്യയുടെ വ്യാജ ഹാജർ രേഖകളും മറ്റു രേഖകളും ഭർത്താവായ പ്രദ്യുമ്‌നൻ തന്നെയാണ് ഒരുക്കിയത്. ഇതേ സമയം, ഈ രണ്ടു കമ്പനികൾക്കും നിരവധി സർക്കാർ ടെൻഡറുകൾ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹർജി രാജസ്ഥാനിലെ ഹൈക്കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 6-ന് കോടതി എസിബിയോട് അന്വേഷണം ആരംഭിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ എസിബി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അഴിമതി, പദവിവഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img